
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിലായി. പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17-ാം തീയതി രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു അതിഥിത്തൊഴിലാളി. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതിയായ നബീൽ ഇയാളെ തടഞ്ഞുനിർത്തുകയും, ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ബലമായി തട്ടിയെടുത്ത് പ്രതി ഒളിവിൽ പോകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ തൊഴിലാളി നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും, മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. എസ്ഐമാരായ ശ്യാം, അബ്ദുൾ സലാം, വിജയൻ, എ എസ് ഐ റീന, സി പി ഒമാരായ ശ്രീനാഥ് സച്ചിൻ ജാസർ, പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.