
മെന്‍റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പടമിടപാട് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം തുടങ്ങി പോലീസ്. ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നും, പണം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ ബെന്നി വാഴപ്പിള്ളി പറഞ്ഞു. അടിസ്ഥാന രഹിതമായ പരാതിയാണെന്ന് അറിയിച്ച ആദി, വിദേശ പരിപാടി കഴിഞ്ഞ് തിരികെയെത്തിയാല്‍ ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകും.
ഇന്‍സോമ്നിയ എന്ന മെന്‍റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഇന്നലെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് മെന്‍റലിസ്റ്റ് ആദിക്കെത്തിരെ കേസെടുത്തത്. ഇന്‍സോമ്നിയയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭ വിഹിതവും തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നാണ് എഫ്ഐആര്‍. പരാതിക്കാരനായ ബെന്നി വാഴപ്പിള്ളിയുടെ ഇടപ്പള്ളിയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജുലൈ മൂന്നിന് 23 ലക്ഷം രൂപയും ജൂലൈ അഞ്ചിന് ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും ഉള്‍പ്പെടെ 35 ലക്ഷം രൂപ കൈമാറിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് ആരോപണം. പ്രതികളെ വിളിപ്പിക്കും മുന്‍പ് ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖകളെല്ലാം ശേഖരിക്കുകയാണ് പോലീസ്. പണം ചോദിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും അതോടെ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നും ബെന്നി വാഴപ്പിള്ളി പറഞ്ഞു.
മെന്‍റലിസ്റ്റ് ആദി എന്ന ആദര്‍ശ് ഒന്നാം പ്രതിയായ കേസില്‍ ഇന്‍സോമ്നിയ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ മിഥുന്‍, അരുണ്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പരിപാടിയുടെ സംവിധായകനായ ജിസ് ജോയിയാണ് നാലാം പ്രതി. പരാതിക്കാരന്‍ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജിസ് ജോയ് തന്‍റെ പേര് വലിച്ചിഴച്ചതിന് മാനനഷ്ട കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ്.