
ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ. സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു