
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് ആരോപണം. തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് കുടുംബം വിശദീകരിക്കുമ്പോൾ, ദുരഭിമാനക്കൊലയെന്നാണ് പ്രതിശ്രുത വരന്‍റെ ആരോപണം. തിരുനെൽവേലി പേട്ട സ്വദേശിയായ 25കാരൻ അനന്ത കൃഷണനും, 19കാരി ശിവമതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു . ഒരു വർഷം മുൻപ് വിവാഹാലോചനയുമായി ശിവമതിയുടെ വീട്ടിലെത്തിയ അനന്തകൃഷ്ണനെ പട്ടികജാതിക്കാരനെന്ന് ആക്ഷേപിച്ച് കുടുബം മടക്കിയയച്ചു. വീട്ടുകാരുടെഎതിർപ്പ് തള്ളി പ്രണയബന്ധത്തിൽ തുടർന്ന ഇരുവരും കഴിഞ്ഞ മാസം രജിസ്റ്റർ വിവാഹത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഈ മാസം ആറാം തീയതി ചെങ്കോട്ടയിലെ ശിവകാമി അമ്മൻ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി റവന്യു വകുപ്പിൽ നിന്ന് അവിവാഹിതരെന്ന സർട്ടിഫിക്കറ്റും നേടി. വിവാഹ വിവരം അറിഞ്ഞ ശിവമതിയുടെ വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി വീട്ടുതടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ ഫോണിൽ നിന്ന് അനന്തകൃഷ്ണനെ വിളിച്ച ശിവമതി തന്നെ വീട്ടുകാർ മർദ്ദിച്ച് അവശയാക്കിയെന്നും കൊല്ലുമെന്ന പേടിയുണ്ടെന്നും പറഞ്ഞു. 2 മണിക്കൂറിന് ശേഷം ശിവമതി വീടിനുള്ളിൽ ആത്മഹത്യ ചെയ്തെന്ന് വിവരമാണ് അനന്തകൃഷ്ണൻ അറിഞ്ഞത്. തൂങ്ങി മരിച്ച നിലയിൽ ശിവമതിയെ കണ്ടെത്തി എന്നായിരുന്നു ഡോക്ടമാരോട് കുടുംബത്തിന്‍റെ വിശദീകരണം.
വിവരം അറിഞ്ഞതിന് പിന്നാലെ അനന്തകൃഷ്ണൻ ശിവമതിയുടെ വീട്ടിലെത്തിയെങ്കിലും മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. പ്രബലജാതിക്കാരായ വീട്ടുകാർ ശിവമതിയെ കൊലപ്പെടുത്തിയെന്നും പോസറ്റ്മോർട്ടം റിപ്പോർട്ട് വരും മുൻപേ തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചെന്നും അനന്തകൃഷ്ണൻ ആരോപിച്ചു. അനന്തൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ ദുരഭിമാനകൊലയെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.