
സംസ്ഥാനത്തെ ബാർ സമയ മാറ്റം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാർ സമയമാറ്റത്തിൽ പ്രതിപക്ഷവുമായി ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. എൽ ഡി എഫിന്റെ കൺവീനർക്ക് പോലും അറിയാത്ത കാര്യം ഞങ്ങൾക്ക് എങ്ങനെ അറിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമയം ഏകീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ബാർ ഉടമകൾ ഒരുവർഷം മുമ്പ് ഈ ആവശ്യം ഉന്നയിച്ചതാണ്. എന്നാൽ പെട്ടന്ന് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തി എന്നത് അറിയില്ല. എക്സൈസ് മന്ത്രിയുമായി സമീപകാലത്തൊന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. എക്സൈസ് മന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവന. കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കേണ്ടെന്നും, മന്ത്രിയുടെ ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ എക്‌സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിട്ടുണ്ട്. സമയം നീട്ടി നല്‍കുന്നതില്‍ പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. പക്ഷേ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറോ, നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മന്ത്രിസഭയില്‍ വയ്ക്കാതെ, ആരുമായും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. എക്‌സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തിന്റെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. ബ്രൂവറിയിലും റോക്കറ്റ് വേഗത്തിലായിരുന്നു തീരുമാനം. അവസാനം കോടതി അത് സ്‌റ്റേ ചെയ്തു. ഡല്‍ഹിയില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ആരും അറിയാതെ കേരളത്തില്‍ വന്ന് അപേക്ഷ നല്‍കിയത്. കേരളത്തിലെ ബ്രൂവറി കമ്പനികള്‍ പോലും അറിഞ്ഞില്ല. എല്ലാ നടപടിക്രമങ്ങളും തെറ്റായിരുന്നെന്ന പ്രതിപക്ഷ ആരോപണം കോടതിയും പിന്നീട് ശരിവച്ചു. ഒരു ആലോചനയും ഇല്ലാതെ ബാറുകളുടെ സമയക്രമം നീട്ടിയത് എന്തിനെന്ന് മനസിലാകുന്നില്ല. നൈറ്റ് ലൈഫുള്ള ടൂറിസം കേന്ദ്രങ്ങളില്‍ സമയം നീട്ടിക്കൊടുക്കുന്നത് മനസിലാക്കാം. പക്ഷെ എല്ലായിടത്തും സമയം നീട്ടിയിരിക്കുകയാണ്. എന്നിട്ട് ടൂറിസം സ്ഥലങ്ങളുടെ എണ്ണം കൂട്ടി. അപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നതാണ്.