അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും. ഒപി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിനമാണ്. സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങൾ പൂർണമായും തടസ്സപ്പെടും.