പുത്തങ്ങാടിയില്‍ തീപിടിത്തത്തില്‍ വീടും, മദ്‌റസയും പൂര്‍ണമായി കത്തിനശിച്ചു


തിരൂര്‍ പറവണ്ണ പുത്തങ്ങാടിയില്‍ തീപിടിത്തത്തില്‍ വീടും, മദ്‌റസയും പൂര്‍ണമായി കത്തിനശിച്ചു. പുത്തങ്ങാടി സിറാജുല്‍ ഉലും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ മദ്‌റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കല്‍ പാത്തുമോളുടെ വീടുമാണ് പൂര്‍ണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പുത്തങ്ങാടിയിലെ കളരിക്കല്‍ പാത്തുമോള്‍ താമസിക്കുന്ന ഓല കൊണ്ട് മേഞ്ഞ വീടിനാണ് ആദ്യം തീപിടിച്ചത്. സമീപത്തെ പറമ്പില്‍ നിന്നാണ് വീടിന് തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള സിറാജുല്‍ ഉലും സുന്നി മദ്‌റസയിലേക്കും തീ പടര്‍ന്നു. പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി താല്‍ക്കാലികമായി നിര്‍മ്മിച്ച  ഓലമേഞ്ഞ കെട്ടിടത്തിലാണ് മദ്‌റസ പ്രവര്‍ത്തിച്ചിരുന്നത്. ഉച്ച സമയത്തായിരുന്നതിനാല്‍ തീ വേഗത്തില്‍ കത്തിപ്പടരുകയായിരുന്നു.

മദ്‌റസയിലെ ഫര്‍ണിച്ചറുകളും കത്തിനശിച്ചു. തീപിടിച്ച സമയത്ത് താമസക്കാരി വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് അപകടം. വര്‍ഷങ്ങളായി പാത്തുമോള്‍ ഈ വീട്ടിലാണ് താമസിച്ചുവരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ ഫയര്‍ സ്റ്റേഷനിലെ അഗ്‌നിരക്ഷസേനയും, നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. 

പറവണ്ണ തെക്കേപള്ളിയിലെ ഖബര്‍സ്ഥാനില്‍ പടര്‍ന്ന തീ അണച്ച് കൊണ്ടിരിക്കെയാണ് അഗ്‌നിരക്ഷാസേന എത്തിയത്. തിരൂര്‍ ഫയര്‍ഫോഴ്സില്‍ നിന്നുള്ള രണ്ട് യൂനിറ്റും  താനൂരില്‍ നിന്നുള്ള ഒരു യൂനിറ്റും എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തിരൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ എം വാഹിദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി പി ഗിരീശന്‍, എസ്പി  ശ്യാം കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ കെ പി നൗഫല്‍, കെ ടി ജയേഷ്, വിഷ്ണു രവീന്ദ്രന്‍, എസ് സതീഷ്, കെ അമല്‍, പി കെ നഗുല്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വെട്ടം പഞ്ചായത്ത് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

أحدث أقدم