
‘കടക്ക് പുറത്ത്’ എന്ന പേരിൽ വെബ്സൈറ്റ് പുറത്തിറക്കാനൊരുങ്ങി കെപിസിസി. ‘പിണറായി വിജയൻ പുറത്തേക്ക്’ എന്ന ശക്തമായ സന്ദേശവുമായാണ് കെപിസിസി ഡിജിറ്റൽ പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുന്നത്. വെബ്സൈറ്റിന്റെ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നാണ് വിവരം. പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ കയറി സർക്കാരിനെതിരായ പരാതി നേരിട്ട് രേഖപ്പെടുത്താനാകും. കെപിസിസി നൽകുന്ന ഫോൺ നമ്പരിലേക്ക് വിളിച്ചും പരാതി രേഖപ്പെടുത്താം. ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെയാകും ഫോൺ വഴിയുള്ള പരാതി സ്വീകരിക്കുകയെന്ന് ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതലയുള്ള ഒരു നേതാവ് പറഞ്ഞു.
മൗസ് ഡ്രാഗ് ചെയ്ത് മുഖ്യമന്ത്രിയെ ഡിജിറ്റലായി പുറത്താക്കാനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ടാകും. ജനങ്ങളുമായി പരമാവധി ഇടപഴകുന്ന രീതിയിലേക്ക് വെബ്സൈറ്റിനെ മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഡിജിറ്റലായി ‘കടക്ക് പുറത്ത്’ എന്ന പേരിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനു പിന്നാലെയാകും ഫെബ്രുവരി 6ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ‘പുതുയുഗ യാത്ര’ ആരംഭിക്കുക. യുഡിഎഫ് വന്നാൽ കേരളത്തിൽ പുതുയുഗം ആയിരിക്കുമെന്നും അത് എങ്ങനെ ആയിരിക്കുമെന്നുമാകും യാത്രയുടെ ഫോക്കസ്. സർക്കാരിനെ പുറത്താക്കാനുള്ള കൗണ്ട് ഡൗണും ആരംഭിക്കും. മൂന്ന് മാസത്തേക്ക് ആകും കൗണ്ട് ഡൗൺ സെറ്റ് ചെയ്യുക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ടാഗ്‌ലൈൻ ‘കടക്ക് പുറത്ത്’ ആക്കാൻ നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാൽ ‘കടക്ക് പുറത്ത്’ തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ മുഖ്യ ടാഗ്‌ലൈൻ ആക്കേണ്ടെന്നാണ് തീരുമാനം. മറിച്ച് ഭരണവിരുദ്ധ പ്രചാരണത്തിന്റെ ടാഗ്‌ലൈൻ ആയിരിക്കും ഇത്. പുതുയുഗ യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ടാഗ്‌ലൈൻ തീരുമാനിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് വെബ്സൈറ്റിലൂടെയും ഫോണിലൂടെയും സ്വീകരിക്കുന്ന പരാതികൾ ശേഖരിച്ച് പാർട്ടി കുറ്റപത്രം പുറത്തിറക്കും. പാട്ടുകളും വിഡിയോകളും ഉൾപ്പെടുത്തിയുള്ള സമൂഹമാധ്യമ പ്രചാരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കടത്ത്, അഴിമതി, അഹങ്കാരം, നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങൾ, എൽഡിഎഫിന്റെ ദുർഭരണം എന്നിവായകും സമൂഹമാധ്യമങ്ങളിൽ പ്രധാനമായും ഉയർത്തിക്കാട്ടുക.