വിഴിഞ്ഞം പദ്ധതിയുടെ നേതൃത്വം ലിംഗ വിവേചനത്തിനെതിരായ കേരളത്തിന്റെ പ്രഖ്യാപനം; ഡോ. ദിവ്യ എസ്. അയ്യർ




തിരുവനന്തപുരം : പുരുഷന് അനുകൂലമായ പൊതുസാഹചര്യങ്ങളിൽ ഒരു സ്ത്രീ ഭരണനേതൃത്വത്തിൽ ഇരിക്കുക എന്നത് എളുപ്പമല്ലെങ്കിലും കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കിൽ അത് പ്രയാസകരമല്ലെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്. ജെയിൻ സർവകലാശാലയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയിൽ ‘വുമൺ ഇൻ കമാൻഡ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിഴിഞ്ഞം തുറമുഖം നേരിട്ട സങ്കീർണ്ണമായ പ്രതിസന്ധികൾക്കിടയിലും സർക്കാർ ആ ദൗത്യം തന്നെ വിശ്വസിച്ച് ഏൽപ്പിച്ചത് ആഗോളതലത്തിൽ ലിംഗവിവേചനത്തിനെതിരെയുള്ള കേരളത്തിന്റെ ശക്തമായ പ്രസ്താവനയാണെന്ന് അവർ പറഞ്ഞു.

 വിദേശരാജ്യത്തുനിന്ന് നമ്മുടെ തുറമുഖം സന്ദർശിക്കാൻ എത്തിയ ടീമിന് ഒരു വനിത ഈ ബൃഹത്തായ പദ്ധതിയെ നയിക്കുന്നത് വലിയ പ്രചോദനമായി. തന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം അവരവരുടെ മേഖലകളിൽ അതീവ നൈപുണ്യമുള്ളവരാണ്. അതിനാൽ അവർക്കെല്ലാം അർഹമായ ഇടം നൽകാനും പ്രവർത്തന സ്വാതന്ത്ര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കാനുമാണ് താൻ ശ്രദ്ധിക്കാറുള്ളതെന്നും അവർ വ്യക്തമാക്കി.

മകനെ പൊതുവേദികളിൽ കൊണ്ടുപോകുന്നതിനെക്കുറിച്ചും കുട്ടികളുടെ വളർച്ചയെക്കുറിച്ചും അവർ ഹൃദ്യമായ രീതിയിൽ സംസാരിച്ചു. ‘അപരിചിതരുമായി ഇടപെടുക എന്നത് ജീവിതത്തിലെ സുപ്രധാനമായ നൈപുണ്യമാണ്. ഇന്നത്തെ കുട്ടികൾ വളരെ ഒറ്റപ്പെട്ട ലോകത്താണ് വളരുന്നത്. സാധാരണ മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികൾ പഠിച്ചിരിക്കണം. ആ കഴിവ് വളർത്തിയെടുക്കാനാണ് മകനെ ചെറുപ്പം മുതൽ ഞാൻ പൊതുവിടങ്ങളിൽ കൂടെക്കൂട്ടുന്നത്,’ അവർ പറഞ്ഞു. സമയം ഒരു പരിമിതിയല്ല മറിച്ച് ലക്ഷ്യങ്ങൾക്കായി സമയം കണ്ടെത്തണമെന്നും ഓരോ കുട്ടിയും ലോകത്തെ നേരിട്ടറിയണമെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്ത്രീകൾ തങ്ങളുടെ വികാരങ്ങൾ പുറത്തുകാണിക്കരുത് എന്ന പൊതുബോധത്തെയും അവർ തിരുത്തി. വിജ്ഞാനം പോലെ തന്നെ ശാസ്ത്രീയമാണ് വികാരങ്ങളും. സന്തോഷവും സങ്കടവും പ്രകടിപ്പിക്കുന്നത് ദൗർബല്യമല്ല, മറിച്ച് മനുഷ്യരെ ഒന്നിപ്പിക്കുന്ന കരുത്താണത്. പ്രൊഫഷണൽ രംഗത്ത് ഹൃദയം കൂടി നൽകി പ്രവർത്തിച്ചാൽ അത് കൂടുതൽ മികവിലേക്ക് നയിക്കും.

أحدث أقدم