കോഴിക്കോട്: കോഴിക്കോട് – ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) യെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ആറാം തീയതി രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. ഷൊർണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയ സമയത്താണ് പ്രതി മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.

യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്മെന്റിൽ യുവതിയെ പിന്തുടർന്ന മുസ്തഫ, ശാരീരികമായി ഉപദ്രവിക്കാനും അശ്ലീല പ്രദർശനം നടത്താനും ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാർ ഇടപെടുകയും വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ട്രെയിനുകളിൽ രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.