ഒമാൻ ഒഴികെ 5 ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം: അശാന്തിയിൽ പശ്ചിമേഷ്യ;...കുവൈത്തിലാണ് ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്.



ദുബായ് / വാഷിങ്‌ടൻ / ബെയ്റൂട്ട്
ഒമാൻ ഒഴികെ 5 ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കൻ സേനാതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണം. ഇതിലേറെയും തടുത്തു. കുവൈത്തിലാണ് ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്. യുഎഇ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.

യുദ്ധം ഒരാഴ്‌ച പിന്നിടുമ്പോൾ, ഇറാനെതിരായ യുദ്ധം തെക്കൻ ലബനനിലേക്കു വ്യാപിപ്പിച്ച ഇസ്രയേൽ, തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖല മുഴുവനായും ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ കഴിഞ്ഞ ഒറ്റരാത്രിയിൽ 26 ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ സൈനിക കമാൻഡ് സെന്ററായ ഭൂഗർഭ കേന്ദ്രവും അതിലെ 50 പോർവിമാനങ്ങളും ബോംബിട്ടു തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

അതിനിടെ. വടക്കൻ ഇസ്രയേൽ അതിർത്തിയിൽ 5 കിലോമീറ്റർ പരിധിയിലുള്ള പട്ടണങ്ങളിലെ എല്ലാ താമസക്കാരും ഒഴിയണമെന്ന് ഹിസ്ബുല്ലയും മുന്നറിയിപ്പ് നൽകി. തെക്കൻ ബെയ്റൂട്ടിൽ ഒഴിപ്പിക്കപ്പെട്ട പതിനായിരങ്ങൾ തെരുവിലാണ് ഉറങ്ങുന്നത്.ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലബനനിലെ മരണം 200 കടന്നു. ഇറാൻ ആക്രമണങ്ങളിൽ ഇസ്രയേലിൽ 10 പേരും കൊല്ലപ്പെട്ടു. ഇറാൻ ആക്രമണം ചർച്ച ചെയ്യാനായി നാളെ അറബ് ലീഗ് വിദേശകാര്യമന്ത്രിമാർ അടിയന്തര വിഡിയോ യോഗം ചേരും.
أحدث أقدم