അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നൽകിയാണു ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ആകെ 348 ഹെക്ടർ സ്ഥലമാണ് ശബരി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളൽ 152.05 ഹെക്ടർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടർ, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ എന്നിങ്ങനെ ആകെ 305.71 ഹെക്ടറാണ് ആകെ ഏറ്റെടുക്കുന്നത്. ആകെ പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ പകുതി തുകയായ 1,900 കോടി സംസ്ഥാന സർക്കാർ വഹിക്കും. ബാക്കി പകുതി കേന്ദ്ര സർക്കാരാണു വഹിക്കുന്നത്.
അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്. കാലടിയിൽ റെയിൽവേ സ്റ്റേഷനുണ്ട്. പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ നീളത്തിൽ പാലവും നിർമിച്ചു. മറ്റു സ്റ്റേഷനുകളായ പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം വരെ സ്ഥലത്ത് കല്ലിട്ടിട്ടുണ്ട്. ബാക്കി സ്റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ സർവേ നടത്തി സ്ഥലം നിശ്ചയിക്കേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പ് എത്രയും വേഗം പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു