പ്രതിപക്ഷത്തിന്റെ നുണകളുടെ ഘോഷയാത്ര… നിയമസഭയിൽ ഒളിച്ചോടിയവർ പുറത്ത് അസംബന്ധം പറയുന്നുവെന്ന് മുഖ്യമന്ത്രി





സഹകരണ മേഖലയിലെ അഴിമതിയെക്കുറിച്ച് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നുണകളുടെ ഘോഷയാത്രയാണ് നടത്തുന്നതെന്നും വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സോഫ്റ്റ്‌വെയർ ഇടപാടിൽ അഴിമതിയുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതമാണ്. നുണ പറയാൻ ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ സഭയിൽ ഒരക്ഷരം മിണ്ടാത്തവർ പുറത്ത് നുണ പ്രചരിപ്പിക്കുകയാണ്. മന്ത്രിമാർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ഭയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സുനിൽ കനഗോലുവിനെപ്പോലുള്ള പിആർ ഏജൻസികളെ ഉപയോഗിച്ച് ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം. നിയമസഭയിൽ ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടി കനത്തതായിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സഭയിൽ പ്രതിപക്ഷം ഒളിച്ചോടിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വർഗീയതയോട് ഒരു കാലത്തും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post