അർഹരായ സ്ത്രീകൾക്ക് പരിഗണനയില്ല…. കോൺഗ്രസ് പട്ടികയ്ക്കെതിരെ എഐസിസി വക്താവ്..


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലാണ് ഷമയുടെ വിമര്‍ശനം. കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണമെന്നും ഒന്‍പത് വനിതകള്‍ക്ക് മാത്രമാണ് അവസരം നല്‍കിയതെന്നും ഷമ പറഞ്ഞു.

രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘നിരസിക്കപ്പെട്ടു. പക്ഷെ പരാജയപ്പെട്ടിട്ടില്ല. ഞാന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 92 സീറ്റുകളില്‍ 9 മണ്ഡലങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരില്‍ ഒരാള്‍ മാത്രമാണ് വനിത. കഴിവുളള സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നത് ദുഃഖകരമാണ്’: ഷമ മുഹമ്മദ് എക്‌സില്‍ കുറിച്ചു.

ചർച്ചകൾക്കും വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും പിന്നാലെ ഇന്നലെ വൈകുന്നേരമാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വര്‍ഗീസിന്റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചെങ്കിലും ഷിയാസിനെയാണ് പരിഗണിച്ചത്. ഷിയാസിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചത്. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും. കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും.

أحدث أقدم