മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടു; പട്ടിക കഷണം ഉപയോഗിച്ച് അമ്മയുടെ തലക്കടിച്ച മകൻ അറസ്റ്റില്‍


തിരുവനന്തപുരം പേരൂര്‍ക്കടയിൽ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ. കുടപ്പനക്കുന്ന് ദര്‍ശന്‍ നഗര്‍ യശോധ ഭവനില്‍ നിന്ന് അമ്പലമുക്ക് എന്‍.സി.സി റോഡ് മണ്ണടി ലെയിന്‍ എം.ആര്‍.എ 81ല്‍ വാടകക്ക് താമസിക്കുന്ന ടിന്റു (34) ആണ് പിടിയിലായത്. ഭാര്യയെ ഉപദ്രവിക്കുന്നതു തടയാൻ ശ്രമിച്ച അമ്മയെ യുവാവ് ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

55 വയസ്സുകാരിയായ മാതാവാണ് ആക്രമണത്തിന് ഇരയായത്. ടിന്റു സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുന്നതു കണ്ട മാതാവ് ഇടപെട്ടു. പ്രകോപിതനായ ടിന്റു പട്ടിക കഷണം ഉപയോഗിച്ച് മാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റ് അമ്മ ബോധരഹിതയായി തറയിൽ വീഴുകയായിരുന്നു. തലക്ക് ഗുരുതര പായ്ക്ക് പറ്റിയ അമ്മ ആശുപത്രയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പേരൂര്‍ക്കട സി.ഐ ഉമേഷും സംഘവുമാണ് പിടികൂടിയത്. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് ടിന്റുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

أحدث أقدم