മധ്യപ്രദേശിൽ ദാരുണമായ വാഹനാപകടം…. പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് കുട്ടികളടക്കം 15 പേർ മരിച്ചു


മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരിൽ ഒൻപതും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാനിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ 13 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടനെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 15 പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്നും ധാർ ജില്ലാ ഭരണകൂടം അറിയിച്ചു.

أحدث أقدم