കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും…. എക്സിറ്റ് പോളുകളെ തള്ളി മല്ലികാർജുൻ ഖാർഗെ


കേരളത്തിലും പുതുച്ചേരിയിലും കോൺഗ്രസ് സഖ്യം ഭരണത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ഭരണത്തുടർച്ച നേടുമെന്നും ആസാമിലെ തിരിച്ചടി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളയുന്നതായും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കേരളത്തിൽ മികച്ച വിജയത്തോടെ യുഡിഎഫ് അധികാരം പിടിക്കും. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തതായാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ നിലവിലെ സഖ്യം അധികാരം നിലനിർത്തും. പുതുച്ചേരിയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം തിരിച്ചുവരും. എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയും. ആസ്സാമിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കർണാടകയിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഖാർഗെ കൃത്യമായ മറുപടി നൽകി. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. അധികാര കൈമാറ്റം സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ പാർട്ടിയിൽ നടക്കുന്നില്ല. അത്തരമൊരു സാഹചര്യം വന്നാൽ അപ്പോൾ നോക്കാം. രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ആലോചിച്ച് തീരുമാനമെടുക്കും. ഇക്കാര്യത്തിൽ അന്തിമ വാക്ക് സോണിയാ ഗാന്ധിയുടേതായിരിക്കും.


أحدث أقدم