ചികിത്സയ്ക്കിടെ വയോധികന്റെ വിളയാട്ടം… കൊല്ലത്ത് ആരോഗ്യപ്രവർത്തകന് ക്രൂരമർദ്ദനം


കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി ആരോഗ്യപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. നഴ്‌സിംഗ് അസിസ്റ്റൻ്റായ സുരേഷിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ആശുപത്രിയിലെ ഐസിയുവിൽ വെച്ചായിരുന്നു സംഭവം.


ശ്വാസതടസത്തിന് ചികിത്സയിൽ കഴിയുകയായിരുന്ന 65-കാരനാണ് അക്രമം നടത്തിയത്. ഐസിയുവിൽ രോഗികളെ പരിചരിക്കുകയായിരുന്ന സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന ഇരുമ്പ് സ്റ്റാൻഡ് ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ചത്. ആക്രമണത്തിൽ സുരേഷിന്‍റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ഇദ്ദേഹത്തെ അതേ ആശുപത്രിയിൽ തന്നെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി.ആക്രമണം നടത്തിയ വയോധികന് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഐസിയുവിനുള്ളിൽ നടന്ന ഈ സംഭവം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

أحدث أقدم