തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ വരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 11 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു നിന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വി.ഡി. സതീശൻ, ഈ പദവിയെ ഒരു ‘ദൈവനിയോഗമായി’ കാണുന്നുവെന്ന് പ്രതികരിച്ചു. “കോൺഗ്രസ് പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ടീം യുഡിഎഫിന്റെ വിജയമാണിത്,” അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രത്യേകം നന്ദി അറിയിച്ച അദ്ദേഹം, മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും തന്റെ പ്രിയങ്കരരായ നേതാക്കൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും ഒപ്പം ചേർന്ന് ഒരു ടീമായി കേരളത്തെ മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. “പുതുകേരളം കെട്ടിപ്പടുക്കാൻ ശക്തമായ ഒരു ടീം ഒപ്പമുണ്ടാകും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും,” സതീശൻ കൂട്ടിച്ചേർത്തു.


സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് വാർത്താസമ്മേളനത്തിൽ വി.ഡി. സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ജനവിധി വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യക്തത വരാത്തത് പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നുവെങ്കിലും സതീശന്റെ വരവോടെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളും ഘടകകക്ഷി പ്രതിനിധികളും പങ്കെടുക്കും. ഇതിന് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കും.