“ഞാൻ അടിയുറച്ച കോൺഗ്രസുകാരൻ, സതീശന് പൂർണ്ണ പിന്തുണ”…. മനസ്സ് തുറന്ന് കെ.സി. വേണുഗോപാൽ



        

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും പാർട്ടിയെയും സർക്കാരിനെയും നയിക്കുന്ന മുഖ്യമന്ത്രിയോടൊപ്പം അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വലിയ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണമാകും യുഡിഎഫ് കാഴ്ചവെക്കുകയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. “ഹൈക്കമാൻഡ് തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വമുണ്ട്. എല്ലാ വശങ്ങളും ആലോചിച്ചാണ് നേതൃത്വം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്, പാർട്ടിക്കൊപ്പം നിൽക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്,” അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. “കഴിഞ്ഞ 45 വർഷമായി രാഷ്ട്രീയ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഓടിയൊളിക്കേണ്ട ആവശ്യം എനിക്കില്ല. എന്നെ അക്രമിക്കുന്നവർക്ക് അത് സധൈര്യം തുടരാം,” കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

11 ദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ അവസാന നിമിഷം വരെ ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും, തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി നിന്ന് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത് സതീശന് അനുകൂല ഘടകമായി മാറുകയായിരുന്നു. എൽഡിഎഫിനെതിരെ നടത്തിയ ശക്തമായ പ്രചാരണവും യുവനേതൃത്വത്തിന് നൽകിയ മുൻഗണനയും സതീശന്റെ സ്ഥാനാരോഹണത്തിന് കരുത്തുപകർന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ ഉടൻ അധികാരമേൽക്കാനുള്ളഒരുക്കങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Previous Post Next Post