വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി…. ആശങ്കയുടെ മണിക്കൂറുകൾക്ക് ആശ്വാസകരമായ അന്ത്യം


        

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി വനത്തിൽ ഡിജിറ്റൽ സർവ്വേയ്ക്കായി പോയി വഴിതെറ്റി കാട്ടിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ വനംവകുപ്പ് കണ്ടെത്തി. നാല് സർവ്വേ ഉദ്യോഗസ്ഥരെയും മൂന്ന് വനംവകുപ്പ് വാച്ചർമാരെയുമാണ് വനംവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. വനത്തിനുള്ളിലെ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഘം പൂഴിത്തോട് വനമേഖലയിൽ നിന്ന് ഡിജിറ്റൽ സർവ്വേ നടപടികൾക്കായി കാട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ വൈകുന്നേരം മൂന്നരയോടെ സംഘവുമായുള്ള ആശയവിനിമയം പൂർണ്ണമായും നിലയ്ക്കുകയായിരുന്നു. വാക്കി ടോക്കി വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്താതിരുന്നതോടെയാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങിയെന്ന വിവരം പുറത്തറിയുന്നത്.

വിവരം അറിഞ്ഞ ഉടൻ തന്നെ വനംവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് തിരച്ചിൽ ആരംഭിച്ചു. കാടിനുള്ളിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇവരെ കണ്ടെത്താനായത്. വഴിതെറ്റിപ്പോയ സംഘത്തിന് മറ്റ് പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം. കണ്ടെത്തിയ എല്ലാവരെയും വയനാട് പടിഞ്ഞാറേത്തറയിൽ സുരക്ഷിതമായി എത്തിച്ചു. സർവ്വേ നടപടികൾക്കിടെ കാടിനുള്ളിലെ ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ കാരണം വഴി തെറ്റിയതാകാമെന്നാണ് നിഗമനം. വനംവകുപ്പിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.


        

Previous Post Next Post