തൊടുപുഴയെ നടുക്കിയ കുമാരമംഗലം കൂട്ടബലാത്സംഗക്കേസിലെ പ്രതിക്ക് കോടതി 12 വർഷം കഠിനതടവ്



ഇടുക്കി: തൊടുപുഴയെ നടുക്കിയ കുമാരമംഗലം കൂട്ടബലാത്സംഗക്കേസിലെ പ്രതിക്ക് കോടതി 12 വർഷം കഠിനതടവ് വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.

കുമാരമംഗലം പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 17 വയസ്സുകാരിയായ പെൺകുട്ടി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ, സഹപ്രവർത്തകനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നു. ഗർഭിണിയായ പെൺകുട്ടി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറംലോകമറിയുന്നത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി പേർ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 28 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ശൈശവ വിവാഹത്തിന് ഇരയായ ശേഷം മുത്തശ്ശിയുടെ സംരക്ഷണത്തിൽ കഴിയുന്നതിനിടെയാണ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നേരിട്ടത്. ഈ പീഡനങ്ങൾ പെൺകുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിചാരണ വേളയിൽ കേസിലെ പ്രധാന സാക്ഷിയായ മുത്തശ്ശി കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് വിനീഷിനെതിരെ ചുമത്തിയിരുന്നത്. ശൈശവ വിവാഹം ഉൾപ്പെടെയുള്ള ബാക്കി 26 കേസുകളിലെയും വിചാരണ അവസാന ഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ ഈ കേസുകളിലും വിധി പ്രതീക്ഷിക്കുന്നു.

أحدث أقدم