കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മേഖലയിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വീട്ടിൽ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേനയും ആംബുലൻസ് സംഘങ്ങളും അഗ്നിശമന വിഭാഗവും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട്ടിനുള്ളിൽ കുടുങ്ങിയവരെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുവൈത്തി വനിത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികളും രണ്ട് ഗാർഹിക തൊഴിലാളികളും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കി.
അൽ-കൗട്ട്, ആരിഫ്‌ജാൻ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സംയുക്തമായാണ് തീയണയ്ക്കൽ പ്രവർത്തനങ്ങൾ നടത്തിയത്. കുവൈത്ത് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അഗ്നിശമന സേനയും സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു