
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് ഇന്ന് അന്ത്യമായേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30-ന് ഡൽഹിയിൽ നടക്കും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55-ഓടെ അവർ തലസ്ഥാനത്തെത്തും. ഹൈക്കമാൻഡ് തീരുമാനം ഇവർ വഴി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രി ചർച്ചകളുടെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ എന്നിവരെയും വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയെ സംബന്ധിച്ച ഡൽഹിയിൽ നിന്നുള്ള തീരുമാനം വന്നാലുടൻ ബാക്കി കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഭരണസ്തംഭനം ഉണ്ടെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ഒരാഴ്ച കൊണ്ട് എങ്ങനെ ഭരണസ്തംഭനം ഉണ്ടാകുമെന്നും യുഡിഎഫ് ആണ് ഭരിക്കാൻ പോകുന്നതെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.