വേണുഗോപാൽ വേണ്ട, സതീശൻ മതി’….. ഹൈക്കമാൻഡിന് കോൺഗ്രസ് കമ്മിറ്റിയുടെ കൂട്ടരാജി ഭീഷണി


കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെ കോഴിക്കോട് കോട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി കൂട്ടരാജി ഭീഷണി മുഴക്കി. ജനവിധി അട്ടിമറിച്ച് എംപിയായ വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നാണ് കമ്മിറ്റിയുടെ ആവശ്യം. അഞ്ചുവർഷം പാർട്ടിയെ നയിച്ച് വിജയത്തിലെത്തിച്ച സതീശനെ ‘കറിവേപ്പില പോലെ’ വലിച്ചെറിയുന്നത് ശരിയല്ലെന്ന് വാർഡ് പ്രസിഡന്റ് ടി.പി. ബലറാം പറഞ്ഞു.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ തോൽവി നേരിടുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയ ശേഷം ഒരു എംപി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗും പരസ്യമായി രംഗത്തെത്തി. പ്രഖ്യാപനം വൈകുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ലീഗ് എംഎൽഎമാരുടെ മുന്നറിയിപ്പ്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതുവികാരം വി.ഡി. സതീശന് അനുകൂലമാണെന്ന നിലപാടിലാണ് ലീഗ്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ലീഗ് അന്തിമ നിലപാട് സ്വീകരിക്കും. നേതൃത്വത്തിനെതിരെ പോസ്റ്ററുകൾക്ക് പിന്നാലെ രാജിക്കത്തും കൂടിയായതോടെ കോൺഗ്രസ് നേതൃത്വം വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്.

أحدث أقدم