ഗൺമാൻമാരുടേത് ഔദ്യോഗിക ജോലി… ‘ആറുപേരെ വെടിവെച്ചുകൊന്നതിനേക്കാൾ വലിയ സംഭവമല്ലല്ലോ’…. ന്യായീകരണവുമായി ഇ.പി. ജയരാജൻ


ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധക്കാർക്ക് നേരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ മർദനത്തെ ന്യായീകരിച്ച് സി.പി.ഐ.എം മുൻ കൺവീനറും മുതിർന്ന നേതാവുമായ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയുടെ ഭാഗമാണെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിൽ വന്നിട്ടുള്ള യു.ഡി.എഫ് സർക്കാരിന് അവർക്ക് വേണ്ട രീതിയിൽ കാര്യങ്ങളെ വ്യാഖ്യാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 2023 ഡിസംബർ 15-നുണ്ടായ ‘വിവാദ രക്ഷാപ്രവർത്തന’ത്തിന്റെ പേരിൽ മർദനം നടത്തിയ ഗൺമാൻമാരെ രക്ഷിക്കാൻ ഔദ്യോഗിക രേഖകൾ തിരുത്തിയ സംഭവത്തിൽ അന്വേഷണസംഘം നടപടികൾ കടുപ്പിച്ചു. കേസിന്റെ യഥാർത്ഥ അന്വേഷണ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് തിരുത്തിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, തെളിവ് നശിപ്പിച്ചതിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ എസ്.ഐ.ടി നിയമോപദേശം തേടിയിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണായക മൊഴികളാണ് നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് വഴിത്തിരിവായത്. കേസ് ഡയറി തിരുത്താൻ ഉന്നതതലത്തിൽ സമ്മർദമുണ്ടായതിന്റെ തെളിവുകൾ സംഘം ശേഖരിച്ചു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽരാജ് നേരിട്ട് ഇടപെട്ട് കേസ് ഡയറി തിരുത്താനും ഒറിജിനൽ തെളിവുകൾ നശിപ്പിക്കാനും കൂട്ടുനിന്നതായാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ.ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ കേസെടുക്കുന്നത് സംബന്ധിച്ച നിർണായക വിവരങ്ങളടങ്ങിയ റിപ്പോർട്ട് തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിന് കൈമാറും. ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടനടപടികൾ. അതേസമയം, മർദനക്കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരും ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസ് ഡയറി തിരുത്തിയെന്ന പുതിയ കണ്ടെത്തൽ പുറത്തുവന്നതോടെ പ്രതികളുടെ ജാമ്യസാധ്യതകൾക്ക് തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

أحدث أقدم