പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരും…. പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയിൽ കടുത്ത വിമർശനം


കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പൊളിറ്റ് ബ്യൂറോയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എന്നാൽ, കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിലും സംസ്ഥാന നേതൃത്വത്തിന്റെ ശൈലിയിലും കേന്ദ്ര കമ്മിറ്റിയിൽ കടുത്ത വിമർശനവും അസംതൃപ്തിയുമാണ് ഉയർന്നത്. പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സംസ്ഥാന നേതൃത്വം സമർപ്പിച്ച വിശദീകരണ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും പൂർണ്ണമായി തള്ളി. കേരളത്തിലെ മുതിർന്ന നേതാക്കളുടെ പെരുമാറ്റ ശൈലി ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയെ കൂടുതൽ ജനപ്രിയമാക്കി മാറ്റണമെന്നും സർഗ്ഗാത്മകമായ പ്രതിപക്ഷമായി നിയമസഭയ്ക്കുള്ളിലും പുറത്തും പ്രവർത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയുള്ള നേതാക്കൾ വേണം ഇനി പാർട്ടിയുടെ നിലപാടുകൾ പൊതുസമൂഹത്തിൽ വിശദീകരിക്കാൻ. കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ ജനപിന്തുണയുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളാണെന്ന് യോഗത്തിൽ പ്രത്യേക പരാമർശമുണ്ടായി.പാർട്ടിക്ക് താഴെത്തട്ടിലാണ് യഥാർത്ഥത്തിൽ വലിയ പ്രശ്നങ്ങളുണ്ടായത്. കീഴ്ഘടകങ്ങളിലെ ജനങ്ങളുടെ പൾസ് എന്താണെന്ന് മനസ്സിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. താഴെത്തട്ടിലെ വീഴ്ചകൾ കൃത്യമായി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലേറ്റ കനത്ത തിരിച്ചടിയിൽ കൂടുതൽ വിശദമായ ചർച്ചകളും തിരുത്തൽ നടപടികളും ആവശ്യമാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ചുചേർക്കും. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ കേന്ദ്ര കമ്മിറ്റിയിൽ പൂർത്തിയായിട്ടുണ്ട്. കൂടാതെ രാജ്യത്തെ നിലവിലെ വിലക്കയറ്റം, ഇന്ധന പ്രതിസന്ധി തുടങ്ങിയ പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു

أحدث أقدم