ഡൽഹിക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് മലയാളി ആയ എം.ഡി.എം.എ കേസ് പ്രതി വഡോദര റെയിൽവേ സ്റ്റേഷനിൽ നിന്നും ചാടിപ്പോയി. തിരച്ചിൽ ഊർജ്ജിതം


വഡോദര : മുക്കം എം.ഡി.എം.എ കേസിൽ റിമാൻഡിലായിരുന്ന പ്രതി കൂടുതൽ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഗുജറാത്തിൽ വെച്ച് ട്രെയിനിൽ നിന്നും ചാടിപ്പോയി. മുക്കത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഉൾപ്പെട്ട പൂളപ്പൊയിൽ സ്വദേശി പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36) ആണ് രക്ഷപ്പെട്ടത്. കോഴിക്കോട് ഡാൻസാഫ് (DANSAF) സംഘത്തിലെ ഉദ്യോഗസ്ഥരും മുക്കം പോലീസ് സ്റ്റേഷനിലെ പോലീസുകാരും ചേർന്ന് രാജധാനി എക്സ്പ്രസ്സിൽ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഇന്ന് (  2026 മെയ് 23-ന് ) പുലർച്ചെ ഏകദേശം 12:30 ഓടെ ഗുജറാത്തിലെ വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഈ സുരക്ഷാവീഴ്ചയുണ്ടായത്. 

പ്രതിയുടെ വലതുകൈയിൽ വിലങ്ങ് കിടപ്പുണ്ട്. ഇതിന് മുൻപായി, കഴിഞ്ഞ മെയ് 1-ന് പ്രതിയെ പോലീസ് മുക്കത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നിയമപരമായ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നത് കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതാണ്. നിലവിൽ പ്രതിയെ കണ്ടെത്താനായുള്ള അന്വേഷണം ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ കേരള പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ദയവായി അടിയന്തരമായി 087992 12105 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതിയെ എത്രയും വേഗം കണ്ടെത്താൻ സഹായിക്കുന്നതിനായി ദയവായി ഈ സന്ദേശം പരമാവധി ഷെയർ ചെയ്യുക.
أحدث أقدم