
രാജ്യത്ത് പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. രാജ്യവ്യാപകമായി മെയ് 14 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു.
അമുലിൻ്റെ അമുൽ ടാസ, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ തുടങ്ങിയ പാൽ വേരിയന്റുകളുടെ വിലയിൽ മാറ്റം വരും. അമുൽ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുൽ ഗോൾഡ് അര ലിറ്ററിന് 35 രൂപയാകും. അമുൽ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുൽ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാൽ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.പാൽ ലിറ്ററിന് 2.5 മുതൽ 3.5 ശതമാനം വരെയാണ് അമുൽ വില വർധിപ്പിച്ചത്. ഇത് ശരാശരി ഭക്ഷ്യ വിലക്കയറ്റത്തേക്കാൾ കുറവാണെന്നാണ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ്റെ ഭാഷ്യം. പാലിന്റെ പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതിനാലാണ് വില വർധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കന്നുകാലി തീറ്റ, പാൽ പാക്കേജിങ് ഫിലിം, ഇന്ധനം എന്നിവയുടെ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.