പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ നിലവിലെ സർക്കാരിന്റെ പ്രതിനിധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത് ആഭിമുഖ്യമുള്ള വൈസ് ചാൻസലർ ഈ നീക്കം നടത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാരും ഗവർണറും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. 2024-ൽ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി സർവകലാശാല അധികൃതർ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഗവർണറുടെ കത്തിന്മേൽ രണ്ട് വർഷം അടയിരുന്ന വിസി, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ ഉടനെ സ്വന്തം കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ അടിയന്തര യോഗം വിളിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയതോടെ പുതുതായി ചുമതലയേറ്റ യു.ഡി.എഫ് സർക്കാരിന്റെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഈ അടിയന്തര നീക്കത്തിൽ ശക്തമായി ഇടപെട്ടു. പുതിയ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി മുൻ സർക്കാർ അനുകൂലികളെ സെർച്ച് കമ്മിറ്റിയിൽ തിരുകിക്കയറ്റാനുള്ള നീക്കത്തെ ഭരണതലത്തിൽ തന്നെ ചോദ്യം ചെയ്തതോടെയാണ് സർവകലാശാല അധികൃതർക്ക് സ്പെഷ്യൽ സെനറ്റ് യോഗം മാറ്റിവെക്കേണ്ടി വന്നത്. യോഗം മാറ്റിവെച്ചതോടെ പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ നിലവിലെ സതീശൻ സർക്കാരിന് തങ്ങളുടെ പ്രതിനിധിയെ കൃത്യമായി ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.