പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന മിന്നൽ പരിശോധനകളിൽ കടുത്ത പരിഹാസവും വിമർശനവുമായി ബി.ജെ.പി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും രംഗത്ത്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന പുതിയ നിയമത്തേക്കാൾ തനിക്ക് ഇഷ്ടം ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന പഴയ നിയമമാണെന്ന് പി.സി. ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനൊടുവിൽ “വിജയനും കുടുംബത്തിനും ആശംസകൾ” എന്ന് ചേർത്താണ് അദ്ദേഹം പിണറായി വിജയനെ പരിഹസിച്ചത്. സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി അഴിമതിയിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം കോടതികളെ സമീപിച്ചിരുന്ന വ്യക്തിയാണ് ഷോൺ ജോർജ്.

മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണ വിജയനും ജയിലിൽ പോകുന്നത് ഉറപ്പാണെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണിത്. ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.ഐ.എം ആരോപണങ്ങൾക്കും ഷോൺ ജോർജ് കൃത്യമായ മറുപടി നൽകി. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി തന്നെ നേരിടാൻ സി.പി.ഐ.എം തയ്യാറാകണം. അല്ലാതെ അഴിമതി മറയ്ക്കാൻ നോക്കേണ്ടതില്ല. പണം കട്ടിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഈ ഭാരതത്തിൽ ആർക്കായാലും പേടി വേണം. ഇതിലും വലിയ അധികാരമുള്ള മുഖ്യമന്ത്രിമാരെ വരെ കേന്ദ്ര ഏജൻസികൾ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമുണ്ട്. അപ്പോഴാണോ ഇപ്പോൾ വെറും പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയനെന്നും ഷോൺ ജോർജ് ചോദിച്ചു.