പാമ്പാടി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഫോൺ-ഇൻ പരിപാടിക്ക് മികച്ച ജനപങ്കാളിത്തം. പഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുന്ന ഇരുന്നൂറോളം പരാതികളും നിർദേശങ്ങളുമാണ് പൊതുജനങ്ങൾ മുന്നോട്ടുവച്ചത്.
പാമ്പാടി മീഡിയ സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജോളി പി. ഐസക്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷേർലി തര്യൻ, മീഡിയ സെന്റർ പ്രതിനിധി മാത്യു പാമ്പാടി എന്നിവർ പങ്കെടുത്തു. പഞ്ചായത്തംഗങ്ങളും ജീവനക്കാരും പരിപാടിയുടെ ഭാഗമായിരുന്നു.
എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ നേരിട്ടെത്തി പ്രദേശത്തിന്റെ വികസന സാധ്യതകളും ആവശ്യങ്ങളും പങ്കുവച്ചു. ബസ് സ്റ്റാൻഡ് വികസനം, മിനി സിവിൽ സ്റ്റേഷൻ നിർമാണം, ഗ്രാമീണ റോഡുകളുടെ നവീകരണം, ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിലെ വെള്ളക്കെട്ട്, പാമ്പാടി മിനി സ്റ്റേഡിയത്തിലെ ഡ്രൈവിംഗ് സ്ക്കൂളുകളുടെ അനധികൃത പ്രവേശനവും ഉപയോഗവും പരിഹരിക്കൽ, താലൂക്ക് ആശുപത്രിയിലെ ജലവിതരണ പ്രശ്നം, കാട് തെളിക്കൽ, തെരുവുനായ ശല്യം എന്നിവ പ്രധാന പരാതികളായി ഉയർന്നു.
വത്തിക്കാൻ തോട് കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം പദ്ധതിയും മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ചർച്ചയായി. ലഭിച്ച പരാതികളും നിർദേശങ്ങളും ക്രോഡീകരിച്ച് പഞ്ചായത്തിന് പരിഹരിക്കാനാകുന്ന വിഷയങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, മറ്റ് വിഷയങ്ങൾ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ, എം.എൽ.എ, മന്ത്രിതലങ്ങൾ എന്നിവയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.