
കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആർ മീരയുടെ ആരോപണം.
സിന്നിൻറെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോപ്പിയടി വിവാദം ചൂടുപിടിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആർ മീര പറയുമ്പോൾ, കൂർദിനിലെ കഥയാണ് ഹരിത എഴുതിയത്. 2022 ലാണ് സിൻ പുറത്തിറങ്ങിയത്. 2023 ൽ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. 2025 ലാണ് കെ ആർ മീരയുടെ കലാച്ചി പുറത്തിറങ്ങിയത്. 2025 ലാണ് കലാച്ചി ഇറങ്ങിയതെങ്കിലും 2020 ൽ തന്നെ പുസ്തകത്തിൻറെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചെന്നാണ് കെ ആർ മീരയുടെ വാദം. എന്നാൽ ഇതിനെയും ഹരിത സാവിത്രി തള്ളുന്നു.