ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ ‘സ്ത്രീ സുരക്ഷാ പദ്ധതി’ മുന്നോട്ടില്ല… മുൻ സർക്കാർ കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാൻ…


        

തിരുവനന്തപുരം: കൃത്യമായ പരിശോധനകൾ നടത്താതെ സ്ത്രീ സുരക്ഷാ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ അവസാന മാസത്തിൽ ഈ പദ്ധതി കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാനാണെന്നും തോന്നുംപടിയാണ് ഇതിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


വീട്ടമ്മമാരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി കഴിഞ്ഞ മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, നിലവിലെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് വ്യാപകമായ പരാതികളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ മറ്റ് ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരാണോ ഇവരെന്നുപോലും പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും അതിനാൽ സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പദ്ധതി തുടരൂ എന്നും യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ആവർത്തിച്ചു.

അതേസമയം, കെ സ്മാർട്ട് സംവിധാനം വഴി കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും പദ്ധതി അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇനി അതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുകയാണ് വേണ്ടത് അല്ലാതെ പദ്ധതിയാകെ നിർത്തലാക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം നിയമസഭയിൽ വാദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നു. സർക്കാരിന്റെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും, പതിവ് രീതിയിലുള്ള സഭ ബഹിഷ്കരണത്തിനോ ഇറങ്ങിപ്പോക്കിനോ പ്രതിപക്ഷാംഗങ്ങൾ തയ്യാറായില്ല.

        

أحدث أقدم