തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ വേഗതയുള്ളവ ഉൾപ്പെടെ എല്ലാത്തരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. സഭയിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വിഷയത്തിൽ കൃത്യമായ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകി.
കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കിൽ പോലും, മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 138(1)a പ്രകാരം സംസ്ഥാന സർക്കാരിനുള്ള പ്രത്യേക ചട്ടനിർമാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തിൽ ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 129 പ്രകാരം ഇലക്ട്രിക് വാഹനമുൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് നിലവിൽ ഹെൽമറ്റ് നിർബന്ധമാണ്. എന്നാൽ, 250 വാട്സിന് താഴെ പവറും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ മാത്രം വേഗതയുമുള്ള ഇലക്ട്രിക് വാഹനങ്ങളെ ‘നോൺ മോട്ടോർ വെഹിക്കിൾ’ വിഭാഗത്തിലാണ് നിലവിൽ പെടുത്തിയിട്ടുള്ളത്. ഈ ഇളവ് മുതലെടുത്ത് ഇത്തരം നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെന്നും ഇവ വ്യാപകമായി അപകടങ്ങളിൽപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ ഇൻഷുറൻസ് പരിരക്ഷയും ബാധകമല്ല. ഇത് അപകടത്തിൽപ്പെടുന്നവർക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തിയാണ് സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി സി.പി ജോൺ നിയമസഭയെ അറിയിച്ചു.