ഇത്തവണ മഴ കുറയുമോ?; കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത




തിരുവനന്തപുരം: കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

സമുദ്രോപരിതലത്തിലെ താപ വര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു. ഏപ്രില്‍-മെയ്-ജൂണ്‍ (AMJ) മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇതാണ് കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് ആണ് സാധ്യത നിലനില്‍ക്കുന്നത്.
Previous Post Next Post