കാഫിർ സ്ക്രീൻഷോട്ട് കേസിൽ സിപിഎമ്മിന് മുഖം നഷ്ടമായി…. പ്രവീൺകുമാർ


കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ. കേസിൽ സിപിഐഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്താവനയോടെ പാർട്ടിയുടെ മുഖം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കേരളത്തിൽ പിണറായി വിജയനല്ല, വി.ഡി. സതീശനാണ് മുഖ്യമന്ത്രിയെന്ന കാര്യം സിപിഎം ഓർക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാക്കളാണെന്നും അവരെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ പ്രവീൺകുമാർ, ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. നിലവിൽ പിടിയിലായ ജിതിൻ ഭാസ്കറിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. ഇതിന് മുകളിൽ കൃത്യമായ ആസൂത്രണം നടത്തിയ ആളുകളുണ്ട്. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാക്കളും കേസിൽ കുടുങ്ങും. ഷാഫിയും പാറക്കലും പുറത്തിറങ്ങില്ലെന്ന് പറയുന്ന സിപിഎം നേതാക്കൾ, സ്വന്തം കാരണങ്ങളാൽ അകത്തുപോകാതെ നോക്കുന്നത് നന്നായിരിക്കും. കെ.കെ. ലതികയുടെയോ മകന്റെയോ പേര് കോൺഗ്രസ് എവിടെയും പറഞ്ഞിട്ടില്ല.എന്നാൽ സിപിഎം നേതാക്കൾ തന്നെയാണ് ഇപ്പോൾ അത് പറഞ്ഞുനടക്കുന്നത്. സ്വന്തം നേതാക്കളെ രക്ഷിക്കാനാണോ അതോ ശിക്ഷിക്കാനാണോ അവർ ശ്രമിക്കുന്നത് എന്ന് ആ പാർട്ടി തന്നെ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രകോപന പ്രസംഗങ്ങളിലൂടെ പുറത്തുവരുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും സംസ്ഥാനത്ത് ഭരണം മാറിയെന്ന് അവർ മനസ്സിലാക്കണമെന്നും പ്രവീൺകുമാർ ഓർമ്മിപ്പിച്ചു. കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഡിസിസി ഓഫീസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച വിവാദത്തോടും പ്രവീൺകുമാർ പ്രതികരിച്ചു. കോൺഗ്രസുകാർക്ക് അങ്ങനെ ബോർഡ് വെക്കേണ്ട ഒരു ആവശ്യവുമില്ലെന്നും, എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പാർട്ടിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് സ്ഥാപിച്ചത് കോൺഗ്രസ് പ്രവർത്തകരല്ല. ‘ഒരു വ്യക്തിക്ക് ഒരു പദവി’ എന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം കോഴിക്കോട് കൂട്ടിച്ചേർത്തു.






أحدث أقدم