നാളെ സൂചന പണിമുടക്കുമായി നഴ്‌സുമാർ


തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ നാളെ (ബുധനാഴ്ച) നഴ്‌സുമാർ സൂചന പണിമുടക്ക് നടത്തും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാൽ രോഗീപരിചരണത്തെ പൂർണമായി ബാധിക്കാതിരിക്കാൻ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അതേസമയം, തൃശൂരിൽ സമരം ചെയ്ത നഴ്‌സുമാർക്ക് നേരെ പോലീസ് നടത്തിയ മർദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നഴ്‌സുമാർ കരിദിനം ആചരിക്കും.

തൃശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ജൂബിലി മിഷൻ, അമല എന്നിവിടങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ച് ജില്ലാ ലേബർ ഓഫീസിലേക്ക് നഴ്‌സുമാർ നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. കളക്ട്രേറ്റിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാർക്ക് നേരെ പോലീസ് ലാത്തിവീശിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതിൽ പ്രതിഷേധിച്ച് നഴ്‌സുമാർ ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചു. പിന്നീട് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം നേരിട്ട് ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാൽ ഈ ചർച്ച പെട്ടെന്ന് മാറ്റിവെച്ചതാണ് നഴ്‌സുമാരെ വീണ്ടും അടിയന്തര സമരത്തിലേക്ക് നയിച്ചത്.

أحدث أقدم