കെഎസ്ആര്‍ടിസി ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കും. ടിക്കറ്റ് എടുത്ത യാത്രക്കാരായാലും സൗജന്യ പാസ് ഉള്ളവരായാലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടി വരും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി. ഗീതയുടെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ആനുകൂല്യങ്ങളും സീറ്റ് സംവരണവും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല സ്വദേശി സ്വാമിനാഥന്‍ പിള്ള സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി ഫയലില്‍ സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷന്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ് ബസുകളില്‍ ആകെ സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളിലും രണ്ട് സീറ്റുകള്‍ വീതം മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ യാത്രാവകാശം ഉറപ്പാക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സീറ്റ് വിട്ടുനല്‍കാത്തവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങള്‍ പ്രകാരം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.