കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് സമാനതകളില്ലാത്ത ലഹരിവേട്ട. ഒരു മാസത്തെ ദൗത്യത്തിലൂടെ 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് പൊലീസ് ഇതുവരെ പിടിച്ചെടുത്തത്. സംസ്ഥാനമൊട്ടാകെ നടത്തിയ കടുപ്പമേറിയ പരിശോധനകളിൽ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഈ ബൃഹദ് പദ്ധതി ജൂൺ രണ്ടിനാണ് മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം മുതൽ ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഓപ്പറേഷന്റെ ഭാഗമായി ജൂൺ 27ന് രാത്രി നടത്തിയ ‘തൂഫാൻ സ്ട്രൈക്ക്’ എന്ന സ്പെഷ്യൽ ഡ്രൈവ് ലഹരി വിപണിക്ക് കനത്ത പ്രഹരമായി. ഒറ്റ രാത്രികൊണ്ട് 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പദ്ധതിയിലൂടെ അന്താരാഷ്ട്ര ലഹരി വിപണനക്കാരിലേക്ക് വരെ എത്താൻ പൊലീസിന് സാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ലഹരി മാഫിയയെ പൂർണ്ണമായും തുടച്ചുനീക്കുമെന്നും, ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഓപ്പറേഷന് നേതൃത്വം നൽകുന്ന സംസ്ഥാന പൊലീസ് മേധാവി റവാഡാ എ ചന്ദ്രശേഖർ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കാൻ മതനേതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, മാധ്യമങ്ങൾ എന്നിവരുടെ സഹകരണത്തോടെ മുന്നോട്ടുപോകുന്ന ഈ ലഹരിവിരുദ്ധ പോരാട്ടം വരും മാസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.