
തിരുവനന്തപുരം: ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിക്ക് പിന്നാലെ യാത്രക്കാരെ നഷ്ടപ്പെട്ട സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കാൻ സർക്കാർ നീക്കം. യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതെ, സ്വകാര്യ ബസുകൾക്കും ആവശ്യമായ യാത്രക്കാരെ ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം ആലോചിക്കുന്നത്.
നിലവിൽ സർവീസ് നടത്തുന്ന 3,125 ഓർഡിനറി ബസുകളിൽ ഏകദേശം 40 ശതമാനം ഷെഡ്യൂളുകളും സ്വകാര്യ ബസുകളുമായി നേരിട്ടുള്ള മത്സരമുണ്ടാക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട റൂട്ടുകളിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ സമയവ്യത്യാസം വരുത്താനാണ് ആലോചന.
വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കെ.എസ്.ആർ.ടി.സി നിരവധി റൂട്ടുകളിൽ സ്വകാര്യ ബസുകളുമായി മത്സരിച്ചാണ് സർവീസ് നടത്തിയിരുന്നത്. കൂടുതൽ യാത്രക്കാരുള്ള സമയങ്ങൾ സ്വന്തമാക്കുന്നതിനായി റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യ ബസുകാരുമായി തർക്കങ്ങളുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിച്ചതായും പരാതികൾ ഉയർന്നിരുന്നു. ഡിപ്പോകളുടെ വരുമാനം ഉയർത്തണമെന്ന സമ്മർദമാണ് ഇത്തരം നടപടികൾക്ക് കാരണമായതെന്നാണ് വിലയിരുത്തൽ