സെൽഫ് എന്യൂമറേഷന് തുടർച്ചയായി സംസ്ഥാന ഭവന സെൻസസിന് ഇന്ന് തുടക്കം. ജൂലൈ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരം ശേഖരിക്കുക. ഇതിനായി 34 ചോദ്യങ്ങളുൾപ്പെടുന്ന ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് സെൻസസിന് ക്രമീകരണം ഏർപ്പെടുത്തിയത്. ബുധനാഴ്ച നടപടികൾ ആരംഭിക്കുമെങ്കിലും തങ്ങൾക്ക് നിശ്ചയിച്ച് നൽകിയ സെൻസസ് ബ്ലോക്കിന്‍റെ ലേ ഔട്ട് മാപ്പ് തയാറാക്കൽ ജോലികളാകും ആദ്യ ദിവസങ്ങളിൽ. സെൻസസ് ബ്ലോക്കിൽ ഉൾപ്പെടുന്ന വീടുകളെയും കെട്ടിടങ്ങളെയും തിരിച്ചറിയാൻ എന്യൂമറേറ്റർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന ഏകദേശ ഭൂപടമാണിത്.
ഭവന സെൻസസിന് മുന്നോടിയായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാവുന്ന സെൽഫ് എന്യൂമറേഷന് ജൂൺ 16 മുതൽ 30 വരെ സമയം അനുവദിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. എറണാകുളത്ത് മാത്രമാണ് അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. സംസ്ഥാനതലത്തിൽ ആകെ എത്രപേർ സ്വന്തമായി വിവരം സമർപ്പിച്ചെന്ന കണക്കുകൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. കേരളത്തിൽ ആകെ 59,300 സെൻസസ് ബ്ലോക്കുകളാണുള്ളത്.