
കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ജനാധിപത്യവിരുദ്ധമാണെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല താൽപ്പര്യമുള്ളതെന്നും, കേരളത്തിലെ ഓരോ മലയാളിക്കും ഇതിൽ കൃത്യമായ താൽപ്പര്യമുണ്ടെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടയിലാണ്, മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ നേതൃത്വവും തമ്മിലുള്ള വാക്പോര് ഇപ്പോൾ പരസ്യമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വലിയൊരു പൊതുമുതൽ അടങ്ങുന്ന പദ്ധതിയായതിനാൽ വിഷയത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിന് പകരം വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….
‘എന്താ ഇത്ര ഇന്ററസ്റ്റ്?’
തീർച്ചയായും താൽപര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും ആ താല്പര്യമുണ്ട്. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യമാണത്. ജനാധിപത്യബോധത്തിന്റെ താൽപര്യമാണത്. അത് ശബ്ദുമുയർത്തി ചോദിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന താങ്കളോട് ഒരു ചോദ്യം ആവർത്തിക്കട്ടെ, എന്താണ് വിഴിഞ്ഞത്തോടുള്ള ‘അമിത താൽപര്യം’?
പത്രസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയായി മാറിയിട്ടുണ്ട്. പൊതു പ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതരുത്. താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!