കള്ളാടി ദുരന്തം: മരിച്ച അതിഥി തൊഴിലാളികളുടെ എംബാമിങ് പൂർത്തിയായി… മൃതദേഹങ്ങൾ വിമാനമാർഗ്ഗം ജന്മനാടുകളിലേക്ക്


വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൃതദേഹങ്ങളുടെ എംബാമിങ് നടപടികൾ പൂർത്തിയാക്കിയത്. അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശി അൻമോൽ, ബീഹാർ സ്വദേശി ബികാഷ് കുമാർ, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ എന്നിവരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്. ഇവിടെ നിന്നും വിമാനമാർഗ്ഗമായിരിക്കും മൃതദേഹങ്ങൾ ഇവരുടെ സ്വന്തം നാട്ടിലെത്തിക്കുക.

City & Local Guides

അപകടത്തിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫും ഫയർഫോഴ്സും സംയുക്തമായി തുടരുകയാണ്. പ്രദേശത്തെ തോടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനാൽ കാണാതായവർ മൺകൂനയ്ക്കടിയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും കനത്ത മൂടൽമഞ്ഞും രക്ഷാദൗത്യത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ദുരന്തഭൂമിയിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത് പരിശോധന നടത്താൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

أحدث أقدم