തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി. പുതിയ നിർദ്ദേശപ്രകാരം 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ മുൻഗണനയ്ക്കായി പരിഗണിക്കണം. കൂടാതെ, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും അത് കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകണം എന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമെ, ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂൾ, കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവർത്തന രീതിയും മന്ത്രി വിലയിരുത്തി. ആകെ 1,500 ക്ലബ്ബുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2017ലെ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) ഉള്ളവർ, കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ലായിരുന്നു.
എന്നാൽ ഈ മാനദണ്ഡങ്ങൾ മാറ്റണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തിൽ ആഢംബരമല്ലെന്നാണ് വിലയിരുത്തൽ. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങൾക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളിൽ ഇളവുവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ നടപടികൾക്ക് തുടക്കമായിരിക്കുന്നത്