കേരളത്തിന്റെ കായിക രംഗത്ത് സമഗ്രമായ മാറ്റങ്ങളും സുതാര്യതയും ലക്ഷ്യമിട്ട് കായിക വകുപ്പിന്റെ കടുത്ത ഇടപെടൽ. കേരള സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചതും കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നതുമായ എല്ലാ സ്‌പോർട്‌സ് അസോസിയേഷനുകളും കൃത്യമായി ഓഡിറ്റ് ചെയ്യാൻ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കർശന നിർദേശം നൽകി.

അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. ഇതിന്റെ ഭാഗമായി വിവരശേഖരണത്തിനുള്ള പ്രത്യേക ചോദ്യാവലി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറിക്കഴിഞ്ഞു. ഒഴുക്കൻ മട്ടിലുള്ള മറുപടികൾ ഒഴിവാക്കാൻ കൃത്യമായ ഘടനയോട് കൂടിയാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം എല്ലാ അസോസിയേഷനുകളും കൃത്യമായ മറുപടിയും അതിനെ സാധൂകരിക്കുന്ന രേഖകളും സമർപ്പിക്കണം. മറുപടികൾ ലഭിക്കേണ്ട അവസാന തീയതിക്ക് ശേഷം ഏഴു ദിവസത്തിനുള്ളിൽ കൗൺസിൽ ഇവ സൂക്ഷ്മപരിശോധന നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്.


അസോസിയേഷനുകളുടെ പ്രവർത്തനം വിലയിരുത്തി തരംതിരിച്ചായിരിക്കണം കൗൺസിൽ റിപ്പോർട്ട് നൽകേണ്ടത് പൂർണമായും മറുപടി നൽകിയവ, അപൂർണമായി നൽകിയവ, മറുപടി നൽകാത്തവ. തിരഞ്ഞെടുപ്പും ഓഡിറ്റും അംഗീകാരവും പെൻഡിങ് ആയ അസോസിയേഷനുകൾ. വിവാദങ്ങളിൽപ്പെട്ടവയും ദുർബലമായ പ്രവർത്തനം നടത്തുന്നവയും. മികച്ച പ്രകടനവും അത്‌ലറ്റ് ബേസും ഉള്ള സംഘടനകൾ. ഭൗതിക സാഹചര്യങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും കുറവുള്ളവ. സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളവയ്ക്കുള്ള ശുപാർശകൾ.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അസോസിയേഷനുകളെക്കുറിച്ച് അപൂർണമായ വിവരങ്ങൾ മാത്രമാണ് സർക്കാരിന്റെ പക്കലുള്ളത്. ഇത് കായികതാരങ്ങൾക്ക് കൃത്യമായ പ്രോത്സാഹനവും സർക്കാർ സഹായങ്ങളും ലഭിക്കുന്നതിന് വലിയ വിഘാതം സൃഷ്ടിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൃത്യമായ പിന്തുണ നൽകാനും കുട്ടികളുടെ കായിക മികവ് നേരത്തെ കണ്ടെത്താനും നിലവിലെ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനകൾ കായിക മേഖലയ്ക്ക് നൽകുന്ന സംഭാവനകളെക്കുറിച്ച് സമഗ്രമായ ഓഡിറ്റ് നടത്തി കായികരംഗം ശുദ്ധീകരിക്കാൻ സർക്കാർ ഒരുങ്ങുന്നത്