പിഎസ്‌സി നിയമനത്തട്ടിപ്പ്…..അന്വേഷണം നിർണായക ഘട്ടത്തിൽ….


തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സിക്ക് കത്ത് നൽകി. ഉദ്യോഗസ്ഥർ നേരിട്ട് ഓഫീസിൽ എത്തിയാണ് കത്ത് നൽകിയത്. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്

ആസൂത്രണ ബോര്‍ഡിലെ മൂന്ന് നിയമനങ്ങളിലേക്ക് പരീക്ഷ എഴുതിയ നാല് പേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇതിനിടെ പത്ത് വകുപ്പുകളിലെ കൂടി നിയമനത്തട്ടിപ്പ് ആരോപിച്ച് ക്രൈംബ്രാ‍ഞ്ചിന് പരാതികൾ ലഭിച്ചു. രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിൻ്റെ പരിരക്ഷ ചൂണ്ടിക്കാട്ടി പി എസ് സി പുറത്തുനിന്നുള്ള ഏജൻസികള്‍ക്ക് നൽകാറില്ല.


ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും പി എസ് സി എല്ലാ രേഖകളും നല്‍കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗം, പി എസ് സി ചെയര്‍മാൻ എംആർ ബൈജുവുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം സംബന്ധിച്ച സാങ്കേതിക നിയമപ്രശ്നങ്ങളായിരുന്നു പ്രധാന വിഷയം. ഇതിന് പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നൽകാനുള്ള തീരുമാനം

أحدث أقدم