തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് എന്നാണ് ഇരുവരുടെയും ഔദ്യോഗിക വിശദീകരണം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച വകുപ്പുകളായിരുന്നു കെ മുരളീധരൻ മന്ത്രിയായിട്ടുള്ള ആരോഗ്യം, ദേവസ്വം വകുപ്പുകൾ.
ഇതിനിടയിലാണ് ഇപ്പോൾ കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് ശ്രീലാലിന്റെയും ഗോവിന്ദരാജിന്റെയും രാജി ഉണ്ടായിരിക്കുന്നത്. ആദ്യം ശ്രീലാലാണ് രാജി സമർപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഗോവിന്ദരാജിന്റെ രാജി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും, സ്റ്റാഫുകൾക്കിടയിലെ ആഭ്യന്തര ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി കെ മുരളീധരനുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു രാജിവെച്ച ശ്രീലാൽ. സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ആളായിരുന്നു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോവിന്ദരാജ്.