
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള അടിയന്തര സ്ഥിതിഗതികൾ താൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ വൻ അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടതായാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. മരണപ്പെട്ട മൂന്ന് പേരും അതിഥി തൊഴിലാളികളാണ്.
തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് വലിയ തോതിൽ കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നതാണെന്നും എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണ് മാറ്റാൻ കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അത് നടപ്പിലാക്കാതിരുന്നത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തുരങ്കപാതയുടെ നിർമ്മാണത്തിനായി കോരിമാറ്റി അശാസ്ത്രീയമായി സംഭരിച്ചിരുന്ന കൂറ്റൻ മൺകൂന ശക്തമായ മഴയിൽ താഴേക്ക് നിരങ്ങിയിറങ്ങി വന്നതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായത്. മൺകൂന ഇടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഒരു വീടും പള്ളിയും പൂർണ്ണമായും തകർന്നു തരിപ്പണമായിട്ടുണ്ട്.
അപകട സമയം സ്ഥലത്തുണ്ടായിരുന്നവരിൽ എത്രപേരാണ് നിലവിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് എന്നതുസംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. ദുരന്തമേഖലയിൽ സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണ സേനകളും ചേർന്ന് കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.