തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ്സ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ നോ ഐഡി-നോ എൻട്രി എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. 2017ലാണ് മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കിയത്.


23 വയസ്സോ അതിന് മുകളിലുള്ളവർക്കോ മാത്രമേ മദ്യം വിൽക്കൂവെന്ന നിയമം നേരത്തെ പ്രാബല്യത്തിലെത്തിയിട്ടുണ്ടെങ്കിലും ചെറിയ പ്രായത്തിലുള്ളവർ വ്യാപകമായി മദ്യം വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നീക്കം. നിയമം കർശനമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് നോ ഐഡി-നോ എൻട്രി നിബന്ധന നടപ്പിലാക്കാനൊരുങ്ങുന്നത്.

നിലവിൽ കർണാടകയിൽ ഈ നിയമം പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം, 23 വയസുണ്ടെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ മദ്യശാലകളിൽ നിന്ന് ഒരാൾക്ക് മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. നിലവിൽ മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചർച്ചയ്ക്ക് ശേഷം അന്തിമതീരുമാനമെടുക്കും.